പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കടമ്പഴിപ്പുറം. പാലക്കാട് നിന്നും ചെർപ്പുളശ്ശേരിയിലേയ്ക്കുള്ള സംസ്ഥാനപാതയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.
കടമ്പഴിപ്പുറത്തെ സംസാരഭാഷ മലയാളം തന്നെ. പ്രധാനമായും ഉപയോഗിക്കപ്പെടുന്ന സംസാരശൈലി വള്ളുവനാടൻ ശൈലിയാണ്. ഏറനാടൻ ശൈലിയിൽ സംസാരിക്കുന്ന ഇസ്ലാം മത വിശ്വാസികളും കടമ്പഴിപ്പുറത്തിൻറെ പ്രത്യേകതയാണ്. കടമ്പഴിപ്പുറത്തെ പ്രധാന മതവിഭാഗം ഹൈന്ദവമതം ആണ്. ഇസ്ലാം, ക്രൈസ്തവ മതവിഭാഗങ്ങളും ഈ ഗ്രാമത്തിൽ ജീവിച്ചുപോരുന്നു.
സാധാരണ ഏതൊരു വള്ളുവനാടൻ ഗ്രാമങ്ങളെയും പോലെ തന്നെ കടമ്പഴിപ്പുറത്തിൻറെയും പ്രധാന ആകർഷണം ഗ്രാമീണജനത തന്നെ. വായില്യാംകുന്ന് ക്ഷേത്രവും പച്ചായിൽ ക്ഷേത്രവും നാലിശ്ശേരി ഭഗവതി ക്ഷേത്രവും ഇവിടത്തെ പ്രസിദ്ധങ്ങളായ ഹൈന്ദവആരാധനാലയങ്ങളാണ്.